പരവൂർ: കേരളത്തിൽ ആദ്യമായി പാസഞ്ചർ ട്രെയിനിലും പൂർണമായി എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുന്നു. നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) അൺ റിസർവ്ഡ് പാസഞ്ചറിലാണ് (56305) 2026 ജനുവരി 15 മുതൽ എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുന്നത്.
തിരികെയുള്ള കൊച്ചുവേളി -നാഗർകോവിൽ പാസഞ്ചറും (56310) അന്നു മുതൽ എൽഎച്ച്ബി കോച്ചുകളിലായിരിക്കും സർവീസ് ആരംഭിക്കുക. എസ്എംവിടി - ബംഗളൂരു നാഗർകോവിൽ എക്സ്പ്രസിൽ (17235) ജനുവരി 14 മുതലും തിരികെയുള്ള നാഗർകോവിൽ - ബംഗളൂരു എക്സ്പ്രസിൽ (17236)ജനുവരി 16 മുതലും എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
ഇതുകൂടാതെ കാക്കിനാട ടൗൺ -എസ്എംവിടി ബംഗളൂരു ശേഷാദ്രി എക്സ്പ്രസിൽ (17210) ജനുവരി 13 മുതലും തിരികെയുള്ള ബംഗളൂരു - കാക്കിനാട സർവീസിൽ (17209) ജനുവരി 16 മുതലും എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തും.
ഇതു കൂടാതെ ചെന്നൈ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലും (1695/96), ചെന്നൈ - ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലും (22639/40) ഉടൻ എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ് ) കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
ഈ കോച്ചുകൾ ഘടിപ്പിച്ച് സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയും എന്നതാണ് ഏറ്റവും വലിയ സവിശേഷത. നിലവിലെ ഐസിഎഫ് കോച്ചുകളെക്കാൾ സുരക്ഷിതവും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള സൗകര്യവും എൽഎച്ച്ബി കോച്ചുകൾക്ക് ഉണ്ട്.
കോച്ചുകൾക്കിടയിൽ ആന്റി ക്ലൈംബിംഗ് ഉപകരണം ഘടിപ്പിച്ചിട്ടുള്ളതിനാൽ കൂട്ടിയിടി പരമാവധി ഒഴിവാക്കാനും സാധിക്കും. അഥവാ കൂട്ടിയിടി സംഭവിച്ചാലും കോച്ചുകൾക്ക് കാര്യമായ കേടുപാടുകളും സംഭവിക്കില്ല. പരമ്പരാഗത ഐസിഎഫ് കോച്ചുകളേക്കാൾ എൽഎച്ച്ബി കോച്ചുകൾക്ക് അറ്റകുറ്റപ്പണികളും കുറവാണ്.
ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലടക്കം ഇപ്പോൾ കൂടുതൽ എൽഎച്ച്ബി കോച്ചുകളുടെ നിർമാണം യുദ്ധകാല അടിസ്ഥാനത്തിലാണു പുരോഗമിക്കുന്നത്.